മൌലിയില്‍ ഗംഗ നിറഞ്ഞുനിന്നു
ഒഴുകുവാനാകാതെ തങ്ങിനിന്നു
ജടയിലെ ഗംഗതന്‍ വിങ്ങലാല്‍
ശിവമൌലിയില്‍ ഭാരമേറെയായി...
കൈകളാല്‍ ഗംഗേ തടഞ്ഞു നിര്‍ത്തും
പാരിന്‍ മക്കളേയോര്‍ത്തു തപിച്ചു ശംഭു
സര്‍വംസഹക്കായ് വിലപിച്ച ദേവന്‍
മാനവ ശാപത്തെ കണ്ടു മുന്നില്‍..
തീക്ഷ്ണാംശുയേറ്റു വരണ്ടുഭൂമി
പൊള്ളലുകളാല്‍ മൃതപ്രായയായി
ഒഴുകുവാനാകാത്ത ഗംഗതന്‍ തേങ്ങലില്‍
തൃക്കണ്ണു താനേ തുറന്നുപോയി...
അക്കണ്ണില്‍ ഗംഗ പ്രവാഹമായി
മന്നിടത്തില്‍ മഹാപ്രളയമായി
സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി...
വിങ്ങലുകള്‍ വിള്ളലുകള്‍ മാറിയാ-
ക്ഷിതിയും ഭഗീരഥിയും ഗീതികളായ്
ശംഭുവോ ധ്യാനനിമഗ്നനായി
ഗംഗയും ഭൂമിയും ധന്യകളായ്......